അസ്തമയസൂര്യനുനേരെ
ഒരുകൂട്ടമാളുകൾ
നിഴലും വലിച്ചു നടന്നുനീങ്ങി,
അവർക്കു പുറകെപോയ
പകലിന്റെ നിഴലിൽ
ഈ നാടിപ്പോൾ,
നാലുപാടുനിന്നും വെട്ടം വിതറും
രാത്തെരുവിൻ നടുവിൽ ഞാൻ നിന്നു;
വെളിച്ചത്താൽ നേർത്ത എന്റെ നിഴൽ
നാലു ദിക്കിലേക്കും വീണു.
തെരുവുതിരക്കിൽ നിന്നകന്ന്,
വഴിവിളക്കിൻ കീഴെ
തന്റെതന്നെ നിഴൽ വിരിച്ചതിന്മേൽ
കിടന്നുറങ്ങുന്നുണ്ടൊരാൾ.
ഉറക്കം വിട്ടയാൾ ഉണരുംനേരം,
ഇരുട്ടു തൂത്തുവാരിയെത്തും
വെയിലിനെ പേടിച്ച്,
ഇക്കാണുന്നവയെയെല്ലാം
മറയാക്കിയൊളിക്കും നിഴലുകൾ.
×
ഇവിടെ ലഭ്യമായ കവിതകൾ ഏതൊക്കെ എന്നറിയാൻ ഉള്ളടക്കം നോക്കൂ