ശ്രദ്ധ

അവൾ തൻ്റെ അമ്മയുടെ കൂടെക്കഴിയാൻ
പോയതിൻ്റെ മൂന്നാം നാൾ
ജനൽപ്പടിയിലെ ചെടി
വാടിയുണങ്ങിയത് ഞാൻ കണ്ടു.
പിന്നീടുള്ള രണ്ടുനാളും ഞാനതിന് 
മറക്കാതെ വെള്ളമൊഴിച്ചു.
അവൾ മടങ്ങിയെത്തിയപ്പോൾ
ആ ചെടി ശ്രദ്ധയിൽപ്പെട്ടില്ല,
വാടിക്കരിഞ്ഞിരുന്നെങ്കിൽ
എൻ്റെ അശ്രദ്ധയ്ക്കുദാഹരണമായി
അത് അവളുടെ കണ്ണിൽപ്പെടുമായിരുന്നു.
'നിനക്ക് എൻ്റെ കാര്യത്തിൽ
യാതൊരു ശ്രദ്ധയുമില്ല' എന്ന തോന്നലോടെ
അഞ്ചുനാൾ അകന്നുനിന്നതിൽ
വീണ്ടുകിട്ടിയ പ്രേമം ഞങ്ങളിൽ
ഇനി കുറച്ചുനാൾ തങ്ങിനിന്നേക്കും.

ഇണക്കം

ഓരോ വീടുമാറ്റത്തിലും
ഉപേക്ഷിക്കപ്പെട്ടു
പുതിയ വീടിനിണങ്ങാത്ത
വസ്തുക്കൾ.

വാടകവീടുകൾ മാറിമാറി
എന്റെ പക്കലിപ്പോഴുള്ളത്
ഏത് വീടിനുമിണങ്ങുന്ന
വസ്തുക്കൾ മാത്രം

എന്റെയീ ക്ലോക്കിന്
ഏത് വീടിന്റെയും
ഹൃദയമിടിപ്പാകാം,

ഈ കട്ടിലിന്
ഏത് മുറിയിലും
മലർന്ന് കിടക്കാം,

അലമാരകൾക്ക്
ഒരു ചുവരിലും ചാരാതെ
തൻകാലിൽ നിൽക്കാം,

കർട്ടനുകൾക്ക്
ഏത് ജനലിന്റെയും
കൺപോളയാകാം,

കസേരകൾക്ക്
ഏത് തറയിലും കാലുറച്ച്‌
നടുനിവർത്തിയിരിക്കാം.

എന്റെ പക്കലിപ്പോഴുള്ളത്
ഒരു വീടിനോടും
ഒട്ടിനിൽക്കാത്ത
വസ്തുക്കൾ മാത്രം

ഏത് വീടിനുമിണങ്ങും.

ക്രമേണ


ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കിനിന്ന ആൾ ഞാനാണ്.

ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കി നിന്നതിന് എന്നോട്
അരിശം കൊണ്ടത് നിങ്ങളാണ്.

ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കിനിന്നതിന് എന്നോട്
അരിശം കൊണ്ട നിങ്ങളെ
അടിക്കുന്നത് ഞാനാണ്.

ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കിനിന്നതിന് എന്നോട്
അരിശം കൊണ്ട നിങ്ങളെ
അടിച്ചതിന് ആൾക്കൂട്ടത്തിന്റെ
അടിയേൽക്കുന്നത് എനിക്കാണ്.

ആൾക്കൂട്ടത്തിന്റെ അടികളേറ്റ്
കൊല്ലപ്പെടുന്ന ആൾ ഞാനാണ്.

ആൾക്കൂട്ടത്തിന്റെ അടികളേറ്റ് ഒരാൾ
കൊല്ലപ്പെടുമ്പോൾ നിസ്സഹായനായി
നോക്കി നിൽക്കുന്ന ആൾ നിങ്ങളാണ്.

മഴക്കാലരാത്രി

കുന്നുകൾക്കിടയിൽ രാത്രി
കരിമ്പൂച്ചയായി ചുരുണ്ടുകൂടി.

ശ്മശാനത്തിൽ കല്ലറകൾ പോലെ
കുന്നിൻ ചെരുവിൽ വീടുകൾ

അവയെ മഴ അഴിയിട്ടകറ്റി.
ഇരുട്ടു പുതച്ചുറങ്ങി ആളുകൾ.

മഴവെള്ളമൊഴുകിയ വഴിയെ
ഒഴുക്കിനെതിരെ നീന്തി പുഴമീൻ.

മഴയൊഴിഞ്ഞു. തളംകെട്ടിക്കിടക്കും
വെള്ളത്തിൽ മീൻ കിടന്നു പിടയുന്നു.

വഴിയേ

വിത്തു പിളർത്തി
ഇല ഇറങ്ങിപ്പോയ വഴി
തണ്ടായി.
ഇലകൾക്കു മേൽ
ഇലകളായി, വഴികളായി.

വിത്തിൽ അനേകം
വേരുകളായതുപിന്നെ
മണ്ണിൽ വഴി കുഴിക്കുകയായി.

വേരും ഇലയും
പിരിഞ്ഞകലുന്നത്
മരത്തിന് വളർച്ചയായി.
ആ മരം
ഞാൻ വിട്ടുപോന്ന
വീടിന് വഴിയടയാളമായി.

മരത്തിനു കീഴെ, വീടിനകത്തും
വെയിൽ നേരിട്ടെത്താത്ത
ഇടങ്ങളുണ്ടായി;
അവിടങ്ങളിലേക്ക്
വെയിലിന്റെ മാറ്റൊലി
ചെന്നെത്തുന്നു വെളിച്ചമായി.