അച്ഛൻ, ഒരു ഛായാചിത്രം

സുജീഷ് / കവിത / അച്ഛൻ, ഒരു ഛായാചിത്രം

അച്ഛൻ, ഒരു ഛായാചിത്രം

അച്ഛൻ, ഒരു ഛായാചിത്രം അച്ഛൻ ചിത്രം വരയ്ക്കുമായിരുന്നു,
കുഞ്ഞായിരുന്നപ്പോൾ ഞാനതുംനോക്കി
മിണ്ടാതെയങ്ങനെയിരുന്നിട്ടുണ്ട്.

ഒരിക്കൽ അലമാരയുടെ മുകളിൽ
അദ്ദേഹം ചുരുട്ടിയൊളിപ്പിച്ച പെയിന്റിംഗ്
ഞാൻ കമ്പുകൊണ്ട് തോണ്ടിയെടുത്തു:
പൂർണ്ണനഗ്നയായി കിടക്കുന്ന ഒരുവളെ
ആദ്യമായി കണ്ട ഓർമ്മയായി എനിക്കത്.
അതെന്തായാലും അമ്മയായിരുന്നില്ല.
അറിയാൻപാടില്ലാത്തതെന്തോ കണ്ടൊരാളെ
നോക്കുന്നമട്ടിലുള്ള അവളുടെ കണ്ണുകൾ
എന്റെയുള്ളിലിപ്പോഴും ഇമവെട്ടാതെയുണ്ട്.
ആ ചിത്രം എടുത്തിടത്തുതന്നെ വെക്കാൻ
ഞാൻ നന്നേ പാടുപെട്ടു, തീർച്ചയായും
ഞാനതുകണ്ടത് അച്ഛൻ അറിഞ്ഞിരിക്കും.

കളിപ്പാട്ടങ്ങൾക്കൊപ്പമുള്ള ജീവിതം ഞാൻ
മറച്ചുവെക്കാൻ തുടങ്ങിയ കാലത്താണ്
അദ്ദേഹം പെയിന്റിങ് നിർത്തുന്നത്.
പാതി പണിതീർത്ത ഒരു കാൻവാസും
കട്ടപിടിച്ച ചായങ്ങളും ശേഷിച്ചു,
കഴുകിവെക്കാൻ വിട്ടുപോയതിനാൽ
ഉപയോഗശൂന്യമായ ബ്രഷും.

ഞങ്ങളിപ്പോൾ രണ്ടിടങ്ങളിലായി,
മിണ്ടിയിട്ട് മാസങ്ങളായി.
പരസ്പരം കാണാനിടവരുമെങ്കിൽ
കാൻവാസിലേക്ക് മറിഞ്ഞുവീണ ചായം
പോലെയാകുമോ ഞങ്ങളുടെ സംസാരം?
ഒഴിഞ്ഞ കാൻവാസിനു മുന്നിലെന്നപോലെ
അദ്ദേഹം എനിക്കുമുന്നിൽ നിന്നേക്കും,
ഒഴിഞ്ഞ താളുകളിലേക്കെന്നപോലെ
ഞാൻ അദ്ദേഹത്തെ നോക്കിയേക്കും.