ചെമ്മൺപാത, ഇരുവശം പാടം,പാതയെ തുരന്നും പാടം പാതിയിൽമുറിച്ചും
ഇഴഞ്ഞുപോകുന്നു കുന്നിറങ്ങിവരുന്ന ചോല,
പതിവു നടത്തത്തിൻ്റെ ബുക്ക്മാർക്കുകളായി
ഉയർന്നുനിൽക്കുന്നു ഇലക്ട്രിക് പോസ്റ്റുകൾ
അവയിലൂടെ നീണ്ടുപോകുന്ന കമ്പികൾ
അതിൽ വന്നിരിക്കുന്ന കിളികൾ.
ഈ കാഴ്ച, സായാഹ്നവെട്ടത്തിലും
പുലർച്ചയുടെ മൂടൽമഞ്ഞിലും
എനിക്കുള്ളിൽ തെളിഞ്ഞുനിന്നു—
ഇരുപത്തഞ്ച് വർഷങ്ങൾക്കിപ്പുറം
ഞാൻ അവിടെ വീണ്ടുമെത്തുവോളം.
വഴി ടാറിട്ടിരിക്കുന്നു,
പാടങ്ങളിൽ അങ്ങിങ്ങ് വീടുകൾ,
ആ ചോല—അതുമാത്രമില്ല.
വെള്ളമായിരിക്കാം അതിനെ ചോലയാക്കിയത്,
വേനൽ കുന്നിലേക്കുള്ള പാതയും.
എങ്കിലും, അതെങ്ങനെ വന്നു ഓർമ്മയിൽ?
തിരിച്ചൊഴുകാനാകാത്ത ആ ചോല
ഓർമ്മയ്ക്കുമേൽ ഞാനിട്ട കയ്യൊപ്പ്.
ഓർമ്മയ്ക്കുമേൽ ഞാനിട്ട കയ്യൊപ്പ്.
അല്ല, കള്ളയൊപ്പ്.
.webp)