വിത്തു പിളർത്തി
ഇല ഇറങ്ങിപ്പോയ വഴി
തണ്ടായി.
ഇലകൾക്കു മേൽ
ഇലകളായി, വഴികളായി.
വിത്തിൽ അനേകം
വേരുകളായതുപിന്നെ
മണ്ണിൽ വഴി കുഴിക്കുകയായി.
വേരും ഇലയും
പിരിഞ്ഞകലുന്നത്
മരത്തിന് വളർച്ചയായി.
ആ മരം
ഞാൻ വിട്ടുപോന്ന
വീടിന് വഴിയടയാളമായി.
മരത്തിനു കീഴെ, വീടിനകത്തും
വെയിൽ നേരിട്ടെത്താത്ത
ഇടങ്ങളുണ്ടായി;
അവിടങ്ങളിലേക്ക്
വെയിലിന്റെ മാറ്റൊലി
ചെന്നെത്തുന്നു വെളിച്ചമായി.
×
ഇവിടെ ലഭ്യമായ കവിതകൾ ഏതൊക്കെ എന്നറിയാൻ ഉള്ളടക്കം നോക്കൂ