.webp)
കടൽ കരയിലേക്കെറിഞ്ഞ
വിയർപ്പുഗന്ധമുള്ള കാറ്റ്
വിട്ടുകിട്ടിയ ശൂന്യതയിലൂടെ
ഇഴഞ്ഞലയുന്നു.
വിലക്കപ്പെട്ട കനികളുടെ വൃക്ഷത്തെ
ഊതിക്കുലുക്കുന്ന കാറ്റ്
പെർഫ്യൂം പൂശി
നടന്നു പോകുന്നവർക്കു പുറകെ
പറന്നു പോകുന്നു.
2
രണ്ടുപേർ ചുംബിക്കുമ്പോൾ
കൈമാറുന്ന രഹസ്യങ്ങൾ
ഒരു കാറ്റിലും പരസ്യമാകില്ലെന്ന ഉറപ്പിൽ
ദീർഘചുംബനങ്ങൾക്കൊടുവിലവർ
ദീർഘനിശ്വാസക്കാറ്റിനെ അഴിച്ചുവിടുന്നു.
പറഞ്ഞു പഴകിയ
വായ്‌നാറ്റവാക്കുകളുമായി ആ കാറ്റ്
വായകൾ തോറും കയറിയിറങ്ങുന്നു.
3
പൊടിക്കാറ്റിൽ
പുകമണങ്ങളിൽ
നഗരങ്ങളിലലഞ്ഞെത്തുന്ന
കാറ്റിനെ ഫാനാൽ കറക്കി
വിശ്രമിക്കുന്നു
കാറ്റിൻ നിയമങ്ങളെ
കാറ്റിൽ പറത്തി
വീട്ടിലിരിക്കുന്നവർ.