കണ്ണാടികാണൽ

സുജീഷ് / കവിത / കണ്ണാടികാണൽ

കണ്ണാടികാണൽ

കണ്ണാടികാണൽകണ്ണാടി, കണ്ണായി;
കണ്ടതൊന്നുമതിന്
ഓർമ്മയായില്ല.

ജാലകമായി;
ഒരിക്കലുമത്
തുറക്കപ്പെട്ടില്ല.

ജലാശയമായി;
അലകളുണ്ടായില്ല
മുങ്ങിത്താഴാനുമായില്ല.

കാൻവാസായി;
ഒരു ചിത്രത്തിനും
സ്ഥിരമിടം ഒരുക്കിയില്ല.

കാണാൻ കൊതിക്കുംമട്ടിൽ
എന്നെത്തന്നെയതിൽ കണ്ടുകണ്ട്,
കണ്ണാടിയെനിക്ക് കണ്ണാടിയായി.

അത് പ്രതിഷ്ഠയായി;
ആഴം അതിന് പിന്നിലേക്കല്ല
മുന്നിലേക്കാണെന്നായി.

അതിനുമുന്നിൽ ഞാൻ
സാക്ഷിയും
പ്രദർശനവുമായി

കണ്ണാടി കാണും
നിമിഷത്തിൻ നിത്യതയ്ക്ക്
മിറർസെൽഫിയെടുക്കലായി.