ഒറ്റയ്ക്ക് കഴിഞ്ഞൊരാൾ
ഒഴിഞ്ഞുപോയതിൽപ്പിന്നെ
അടഞ്ഞുകിടക്കും വീടിനുള്ളിൽ
തടംകെട്ടി കിടക്കുകയാണ് ഇരുട്ട്.
അയാൾ അയാൾക്കുതന്നെ
എന്നുമെഴുതാറുണ്ടായിരുന്ന
കത്തുപോലെ പതിവായ്
വാതിൽപ്പടിവരെ വന്നെ-
ത്തിനോക്കുന്നുണ്ട് വെയിൽ.
വീടിനുള്ളിലൊതുങ്ങിക്കഴിഞ്ഞ
കാലമത്രയും അയാൾ അയാളെത്തന്നെ
വരച്ചുകൊണ്ടിരുന്നു. എല്ലായിപ്പോഴുമത്
മറ്റാരെയോ പോലെയായതിനാൽ,
അയാൾ അയാളെത്തന്നെ
വരച്ചുകൊണ്ടിരുന്നു.
വീട്ടിൽ കയറി അയാൾ
വാതിലടച്ചപ്പോഴൊക്കെയും
ലോകം രണ്ടായിപിരിഞ്ഞു:
അയാളുടേതെന്നും
നമ്മുടേതെന്നും.
ഇന്ന്,
വാടകയ്ക്കു വീടുതേടിയെത്തിയ
ഞാൻ വാതിൽ തുറന്നതും
എനിക്കൊപ്പം കയറിയ വെളിച്ചത്താൽ
തടംകെട്ടിക്കിടക്കും ഇരുട്ട്
പൊടുന്നനെ നിഴലുകളായി മാറി.