× ഇവിടെ ലഭ്യമായ കവിതകൾ ഏതൊക്കെ എന്നറിയാൻ ഉള്ളടക്കം നോക്കൂ

പുറമ്പോക്കിലെ മരം

പുറമ്പോക്കിൽ തനിയെ വളർന്നു.
അവിടെ വേരുറച്ചതിനാൽ മറ്റെങ്ങും
പോകാനാകാതെ നിന്നു.
കാണാൻ ചേലില്ലാതെ, പൂക്കളോ
കായ്കനികളോ നൽകാനാകാതെ.

ഒരാളുടേതുമാകാതെ
എല്ലാവരുടേതുമായി.

വളർന്നു വലുതായപ്പോൾ
നിങ്ങളിൽ ചിലരെന്റെ
തടിയിൽ കണ്ണുവെച്ചു.

കൈകൾ മേലോട്ടുയർത്തി
പ്രാർത്ഥിക്കുന്നവളെപ്പോലെ
ഈ വരണ്ടകാലത്ത്
ഇലകളെല്ലാം പൊഴിച്ച്
പൊടിപുതച്ചു നിൽക്കുകയാണ് —

മിന്നലേറ്റു കത്തണമെനിക്ക്,
വീടകത്തിന് ഇണങ്ങുന്ന
മരണാനന്തര ജീവിതം
വേണ്ടേ വേണ്ട.