× ഇവിടെ ലഭ്യമായ കവിതകൾ ഏതൊക്കെ എന്നറിയാൻ ഉള്ളടക്കം നോക്കൂ

രഹസ്യം

പോക്കറ്റിൽ നിന്നും വീണുപോയ
താക്കോലുപോലെ
എന്റെ രഹസ്യങ്ങളോരോന്നായി
കളഞ്ഞുപോകുന്നു.

അവ കണ്ടുകിട്ടുമ്പോഴും
അവയാൽ തുറക്കാവുന്ന
അറകളേതെന്ന്
നിങ്ങൾക്കറിയില്ല.

കളഞ്ഞുകിട്ടുന്ന
താക്കോലെന്തിന്റെയെന്ന്
കള്ളൻ പോലും തേടിയലയുന്നില്ല.

അനേകം ആളുകളിലൂടെ
കൈമാറിക്കൈമാറി
എന്റെയൊരു രഹസ്യം
ഇന്നെന്റെ കാതിലെത്തി

പലായനം ചെയ്യേണ്ടിവന്നവന്റെ
വീടിന്റേതെന്നപോലെ
അതുവെച്ച് തുറക്കേണ്ട വാതിൽ
ഇന്നെനിക്ക് അന്യം