യാതൊന്നും ചെയ്യാനില്ലാതെ

ഏറെനിലകളുള്ളൊരു ഫ്ലാറ്റിൽ
ഏതോനിലയിലൊരുമുറിയിൽ
ഏറെക്കാലമായൊരേ
പുസ്തകം വായിച്ചുകിടക്കും
വൃദ്ധനുറങ്ങിപ്പോകുന്നു.
ഉറക്കമുണരുമ്പോളെന്തോരം
വായിച്ചെന്നോർക്കാനാവാതെ
വീണ്ടും വായിച്ചുതുടങ്ങുന്നു.

ചിലനേരങ്ങളിലയാൾ
ചില്ലുജാലകത്തിലൂടെ
പുറത്തേക്കു നോക്കിനിൽക്കും.
ദൂരെ മൊട്ടക്കുന്നിനുച്ചിയിൽ
മെയ്മാസം കൈവിട്ട
മരത്തിൽ ഇലയില്ലായ്മ
പരിഹരിക്കാനെന്നോളം
ചില്ലകളിൽ ചേക്കേറുന്ന
മേഘങ്ങൾ കാണും

പോകപ്പോകെ നോട്ടം
ജാലകച്ചില്ലിൽ തന്നെയാകും
നോക്കിനോക്കിനിൽക്കേ
ജാലകച്ചില്ലിൽ
തന്നെത്തന്നെ കണ്ടുമുട്ടും.

കമിതാക്കളെഴുന്നേറ്റു പോകെ
ചുളിഞ്ഞു കിടക്കും
കിടക്കവിരി പോലെ
ചുക്കിച്ചുളിഞ്ഞ മുഖം കാണേ
എത്രയെത്ര പെണ്ണുങ്ങൾ
ചുംബിച്ചതാണീ മുഖത്തെന്നോർത്ത്
പല്ലില്ലാമോണകാട്ടി ചിരിക്കും.