കാലുകൾ

സുജീഷ് / കവിത / കാലുകൾ

കാലുകൾ

കാലുകൾ സ്വന്തംകാലിൽ നിൽക്കുന്നൊരു
സമയം വരും. ഇനിയാരും വേണ്ടെന്ന്
നീ ഉറപ്പിക്കുന്ന സമയം.

പൂച്ച തന്റെ ഉടമയെ എന്നപോലെ
നീ വീടിനെ ചുറ്റിപ്പറ്റിക്കഴിയും.
കാൽ കുഴയുമ്പോൾ, മുറിയിൽ
നാലുകാലികളായ കട്ടിലും കസേരയും
താങ്ങായി ഉണ്ടാകും.

അലമാരയുടെ ഇരുപാളികളും തുറന്നിട്ട്
അടുക്കിവെച്ച പലതരം വേഷങ്ങൾ
നോക്കിനിൽക്കും.

വിത്തു നട്ട്,
രണ്ടിലകൾ ചിറകുകളായി വിടർത്തി
ഇപ്പോൾ പറന്നേക്കുമെന്ന് തോന്നിക്കും
നാമ്പുകൾക്കായി കാത്തിരിക്കും

തൊടിയിൽ മരങ്ങളിൽ
കാറ്റിന്റെ തല്ലും തലോടലുമേറ്റ്
വളരുന്ന, തളരുന്ന, വീഴുന്ന
ഇലകൾ, പൂക്കൾ, കായ്കൾ
കണ്ടുനടക്കും.

ഇങ്ങനെ കഴിയുന്നതിനിടയിൽ
നീ വീണ്ടും ഒരാളെ കണ്ടുമുട്ടും,
ഏറ്റവും പ്രിയപ്പെട്ട വേഷമണിയും,
കിടക്കയും സമയവും
അയാളുമായി പങ്കിടും.

അയാൾ പോകുന്നതോടെ നീ
സ്വന്തം കാലുകളിലേക്ക് നോക്കും
അയാളോടൊപ്പം നടന്ന
അയാൾക്ക് മുന്നിൽ അകന്ന
അതേ കാലുകളിലേക്ക്.