പറന്നുയർന്ന കിളികൾഇളക്കിവിട്ട ചില്ലയിൽ നിന്നും
ഞെട്ടറ്റു വീണൊരില
താഴേ നിൽക്കും ചില്ലയൊന്നിൽ
തങ്ങി നിൽക്കുന്നു,
ഒന്നൊന്നായി ഇളക്കിയിളക്കി
ഇലകൾക്കിടയിലൂടെ വീശും കാറ്റിൽ
ചിറകടിശബ്ദത്തിൽ ഇളകിയിളകി
വിശറികളാകുന്നിലകൾ.
നടന്നേറേ ക്ഷീണിച്ചൊരാളന്നേരം
പോകുംവഴിയാ മരത്തണലിൽ
തങ്ങിനിൽക്കുമെങ്കിൽ
തണുപ്പിനായുള്ള കാറ്റ്,
അങ്ങനെയൊരാളില്ലെങ്കിൽ
താഴേ ചില്ലയിൽ
മണ്ണെത്താനൊരുങ്ങി നിൽക്കും
ഞെട്ടറ്റൊരില വീഴും കാറ്റ്.
