കാലഹരണം

1

മ്യൂസിയത്തിലെ സ്വീകരണമുറിയിൽ
രണ്ടാൾപ്പൊക്കം വലിപ്പത്തിൽ
ഒരു കൂറ്റൻ ഘടികാരം,
നൂറ്റാണ്ടുകൾ പഴകിയ പുരാവസ്തു;
ഈ നൂറ്റാണ്ടിലെ ഈ നിമിഷത്തെ
വെളിപ്പെടുത്തി നിൽക്കുന്നു.

വൈകിവരുന്ന എന്നോട് നീ പറയുന്നു:
‘നിലച്ച ഘടികാരം പോലും ദിവസവും
രണ്ടുവട്ടം കൃത്യസമയം കാണിക്കും’

മടിയരുടെ സ്ഥിരംവാദങ്ങൾ
ഞാൻ ആവർത്തിക്കുന്നു:
'ഘടികാരസൂചിയേക്കാൾ
വേഗത്തിൽ നടന്നാലും
പത്ത് മിനുറ്റിൽ ചെയ്യേണ്ടത്
അഞ്ച് മിനുറ്റിൽ തീർത്താലും
നമുക്ക് സ്വന്തം ഇപ്പോൾ ഈ നിമിഷം മാത്രം'

2


ആളുകൾക്ക്
തിരക്കിട്ടൊഴിയേണ്ടിവന്ന കെട്ടിടത്തിലുണ്ട്
ഇനിയും നിലയ്ക്കാത്ത ഘടികാരം.
കാതോർത്താൽ കേൾക്കാം,
ഭയം ഉള്ളിൽപ്പേറുന്നവരുടെ നെഞ്ചിടിപ്പ്.

തനിക്കുള്ളിൽ തന്നെയുള്ള
അതിന്റെ സൂചികളുടെ നടത്തം
തുടങ്ങിയ ഇടത്തുതന്നെ ചെന്നെത്തുന്നു;
വീണ്ടും നടത്തം തുടരുന്നു.

രേഖീയമാകാൻ അതിനു വേണം
കലണ്ടറിന്റെ കൂട്ട്.

ഇന്ന്, ആഗസ്റ്റ് 6, രാവിലെ
8.15 എന്ന് ക്ലോക്കിൽ കാണുമ്പോൾ
നമ്മളിൽ നമ്മുടെ കുഞ്ഞുമോനെ കൂട്ടാൻ
സ്കൂൾബസ് വരുന്നതിന്റെ വെപ്രാളം മാത്രം.

3

'കൈയ്യിൽ സ്മാർട്ട്ഫോണുള്ളപ്പോൾ
എന്തിനാണ് ഇനിയൊരു ക്ലോക്ക്?'
വീടുമാറ്റത്തിനിടെ കേടായിപ്പോയ
പഴയ ക്ലോക്ക് ചൂണ്ടി നീ ചോദിക്കുന്നു.

ശരിയാണ്,
ഇത് അക്കങ്ങളിൽത്തന്നെ
എല്ലാം വെളിപ്പെടുന്ന കാലം.

തിരിച്ചറിയാൻ ആധാർ നമ്പർ,
വിലാസമോ മൂന്നാം നിലയിൽ ആറാം നമ്പർ,
ഏതൊരാളും ഒരു ഫോൺനമ്പർ അകലെ,
ദൂരവും വേഗവും വെളിപ്പെടുന്നത്
അവ നടന്നെടുത്തിരുന്ന കാലിന്റെ
ക്ഷീണത്തിലല്ല, വാഹനത്തിന്റെ മോണിറ്ററിൽ.

അക്കത്തിൽ സമയത്തിനും അതീവകൃത്യത,
സെക്കൻഡുകൾക്ക് പോലും വ്യക്തത.

എങ്കിലും, ശീലത്തെപ്രതി നമ്മൾ
ചുവരിൽ ഒരിടം നൽകുന്നു
കലണ്ടറിനും ക്ലോക്കിനും.