
വാതിൽ വിടവിലൂടെ
വീട്ടിൽ കയറിവന്നിരുന്ന
പൂച്ചയായിരുന്നു,
പേരിട്ടുവിളിച്ച് ആ വീട്ടുടമസ്ഥ
അതിനെ സ്വന്തമാക്കുന്നതുവരെ.
ഇപ്പോൾ പതിവായി പാലും മീനും
കിടക്കാൻ മെത്തയും സ്വന്തം.
കൂട്ടിൽ അടയ്ക്കപ്പെട്ട്
പേരിട്ടുവിളിക്കപ്പെടുന്നതിനു മുമ്പ്
മുറിവേറ്റ ചിറകുമായി വഴിയരികിൽ
കണ്ടെത്തിയ തത്തയായിരുന്നു.
അതിനുമുമ്പ് തൊടിയിലെ
വന്മരത്തിൽ വന്നിരിക്കുമായിരുന്ന
അനേകം കിളികളിൽ ഒരു കിളി.
വിശന്നുവലഞ്ഞൊരുനാൾ
അയാൾക്ക് പിന്നാലെ
ആ വീടിൻ പടിക്കൽ
വന്നെത്തുന്നതിനുമുമ്പ് തെരുവിൽ
അലഞ്ഞുനടന്നൊരു നായയായിരുന്നു.
ഇപ്പോൾ, അയാളിട്ട പേരിൽ
വിളിക്കപ്പെടുമ്പോൾ
ഉണ്ട ചോറിന്റെ നന്ദിയുമായി
വാലാട്ടിക്കഴിയുന്നു.
പേര് വെറും ശബ്ദമെന്ന് ഞാൻ കരുതി;
അല്ല, വിളിക്കപ്പെടുമ്പോൾ
അതിൽ വെളിപ്പെടുന്നു, ഊരും വിധിയും.
ഒരു പേരിൽ ഒതുങ്ങുമ്പോഴും
നിങ്ങൾക്ക്
മകനും
ഭർത്താവും
അച്ഛനും
മുത്തച്ഛനുമായി
മാറേണ്ടതുണ്ട്.
വക്കുപൊട്ടിയ കുടം പൂച്ചട്ടിയായി,
കേടായ ക്ലോക്ക് കുടുംബഫോട്ടോയുടെ
ചട്ടക്കൂടായി, ഫ്രിഡ്ജ് അക്വേറിയമായി,
അമ്മയുടെ പഴയ സാരി മകൾക്കു പാവാടയായി
പിന്നെയും പഴകി കൈക്കലത്തുണിയായി.
കവിതയെന്ന് വിളിക്കപ്പെടും മുമ്പ്
ഈ വരികളെന്തായിരുന്നു എന്നതല്ല,
ഈ വരികളെ ഇവ്വിധമാക്കി
എന്നതിലാണ് എന്റെ ഉടമസ്ഥത.