സുജീഷ് / കവിത / 404

404

ഞാൻ പഴയ ചാറ്റുകൾ നോക്കുന്നു;

"നിന്റെ ആകാശത്തും
ചന്ദ്രനോട് ചേർന്ന്
ഒരു നക്ഷത്രം നിൽപ്പുണ്ടോ?"
അവളുടെ ചോദ്യമുണ്ട് ചാറ്റ്ബോക്സിൽ. 

ആർക്കറിയാം,
അപ്പോഴില്ലാത്ത നക്ഷത്രത്തെയാണോ
ഞങ്ങൾ അന്നേരം നോക്കിയിരുന്നതെന്ന്.

"നന്നായിരിക്കൂ"
അവളുടെ ഒടുവിലത്തെ മെസേജ്.
പ്രൊഫൈൽ പിക്ച്ചറിൽ അവളില്ല,
ഒരു ലിങ്കും അവളിലേക്ക് നയിക്കുന്നില്ല. 

ഒരുവേള  മെസ്സേജുകൾ ഡിലീറ്റ് 
ചെയ്‌താലോയെന്നു തോന്നി,
ചെയ്തില്ല.
ആപ്പ് അൺഇൻസ്റ്റാൾ ചെയ്തു.

ഉപേക്ഷിക്കപ്പെട്ട പ്രൊഫൈലിൽ
നിന്നാരുമെന്നെ തേടിവരാനില്ല.
ഉള്ളവരേക്കാൾ ഇല്ലാത്തവരെ
ഈ ലോകം പേറുന്നു,

ഒന്നുറങ്ങിയുണർന്നപ്പോൾ,
ഒരു മെയിൽ, ആപ്പിൽ നിന്നും:
"We miss you. Come back?"