പുഴക്കരെ, നമ്മൾ

സുജീഷ് / കവിത / പുഴക്കരെ, നമ്മൾ

പുഴക്കരെ, നമ്മൾ

പുഴക്കരെ, നമ്മൾതൻ്റെയുള്ളം വെളിപ്പെടും തെളിച്ചത്തിൽ
വെയിലിൻ്റെ ഉടയാടയെടുത്തുടുത്ത്
മിന്നിത്തിളങ്ങുന്നു പുഴ.

അർത്ഥം പലതുണ്ടായിരിക്കെ നിൻ്റെ മൗനം
മൊഴിമാറ്റത്തിന് വഴങ്ങും ഭാഷയാകുന്നു,
വാക്കുകളെടുത്തുടുക്കാനൊരുങ്ങുന്നു.

ഞാനോർക്കുന്നു: നമ്മുടെ പുറത്താകൽ
ഏദനിൽ നിന്നല്ല, ഉടലുകൾ
ഉടുവസ്ത്രമല്ലാതാകലിലാണ്.

എന്ത് കാണപ്പെടുന്നുവെന്നതല്ല
എന്ത് മറയ്ക്കപ്പെടുന്നില്ല
എന്നതാകുന്നു ഭയം.

മേഘങ്ങളാൽ സ്വന്തം ഇല്ലായ്മ മറയ്ക്കാൻ
പാടുപെടും മാനത്തിനു കീഴിൽ, നമ്മൾ
പരസ്പരം വെളിപ്പെടാനായി തുണിയുരിയുന്നു.

വെയിൽ വെളിപ്പെടുത്തിയ നമ്മുടെ
നിഴലുകൾ വെയിലിനോടൊപ്പം മടങ്ങാൻ
മടിക്കുന്നു; രാത്രിയാകുന്നു.

ഇണചേരാൻ വെമ്പിനിൽക്കും
നമുക്കുമേൽ ഭയത്തിൽ
മുക്കിയെടുത്ത ഇരുട്ടിന്റെ പുതപ്പ്.