ഞാൻ കുടുങ്ങിയപ്പോൾവല പഴയതായിരുന്നു.
ഇഴകളിൽ
മുൻപ് കുടുങ്ങിയവരുടെ
ശേഷിപ്പുകൾ തൂങ്ങിക്കിടന്നിരുന്നു
അവർ രക്ഷപ്പെട്ടതാകുമോ
അതോ തീറ്റയായതാകുമോ
എന്നറിയില്ല.
എന്റെ അനക്കത്തിൽ
വലയാകെ വിറകൊണ്ടു.
ആ വിറ ചിലന്തിയെ
വിളിക്കലാകുമെന്ന ഭയത്തിൽ
ഞാൻ നിശ്ചലനായി.
ഏറെ നേരമായിട്ടും
അതിനെ കണ്ടില്ല,
പിന്നെയാണ് തോന്നിയത്,
ഇല്ലാതായ ചിലന്തിയുടെ
ശേഷിച്ച വലയാകാം ഇത്.
ശ്രമിച്ചുശ്രമിച്ച് ക്ഷീണിച്ച്
വല പൊട്ടിക്കുന്നത്
ഞാൻ നിർത്തുകയാണ്.
പൊട്ടിച്ചാൽ
വീഴുക എങ്ങോട്ടാണെന്ന്
ആർക്കറിയാം.
പയ്യെപ്പയ്യെ
വലയുടെ ഒരുകോണിൽ
ഞാൻ ഒതുങ്ങിക്കൊള്ളാം
വീഴാതിരിക്കാൻ
വലയിൽ ഞാനിപ്പോൾ
തൂങ്ങിപ്പിടിക്കുകയാണ്.
