അധികജോലി

കവിത

അധികജോലി

നിങ്ങളെ കണ്ടുമുട്ടുമ്പോൾ
ചിരിക്കേണ്ട രീതി ഞാൻ
കണ്ണാടിക്കു മുന്നിൽ ശീലിച്ചു.

എന്റെ റെസ്യൂമെ
എങ്ങനെയൊക്കെയെന്നെ
ഉപയോഗിക്കാം എന്നതിന്റെ
രേഖപ്പെടുത്തലായിരുന്നു.

ഞാൻ ജീവിക്കുന്നതെന്ന് നിങ്ങൾ
വിശ്വസിക്കേണ്ട ജീവിതമായിരുന്നു
എന്റെ സോഷ്യൽ പ്രൊഫൈൽ.

നിങ്ങളിൽ നിന്നുമങ്ങനെയാണ്
ഈ ജോലി ഞാൻ സ്വന്തമാക്കിയത്.

ചെയ്തതിനുള്ളതല്ല കൂലി.
ചെയ്തുകൊണ്ടേയിരിക്കാനുള്ള
പ്രലോഭനമത്രേ അത്.

ഇപ്പോൾ
ഇടയ്ക്കിടെ
കണ്ണാടി നോക്കി ചിരി ഉറപ്പിക്കണം.

റെസ്യൂമെ
ടു-ഡു ലിസ്റ്റാക്കണം.

ഒഴിവുനേരങ്ങളിൽ
പ്രൊഫൈൽ
അപ്ഡേറ്റ് ചെയ്യണം.

നിങ്ങൾ ജോലിക്കെടുത്ത
മനുഷ്യനെ നിലനിർത്താൻ
അയാളായി ജീവിക്കലാണ്
ശരിക്കുമെന്റെ ജോലി.

ജ്ഞാനഭാഷ മൾട്ടി ഡിസിപ്ലിനറി പിയർ റിവ്യൂഡ് ജേർണലിൽ ആദ്യം പ്രസിദ്ധീകരിച്ചു