ചുവരിന്റെ പൂർണ്ണത അടഞ്ഞ വാതിലുകളിലാകുന്നു. കാറ്റിനു
പോകാനിടം കൊടുത്ത്
മരം ഉലയുന്നു.
മഴയ്ക്കുശേഷം ഞാൻ
വീടുപൂട്ടി നടക്കാനിറങ്ങി.
എന്റെ കാലുകൾ
എന്നെക്കാൾ മുമ്പേ
മടങ്ങാൻ കൊതിക്കുന്നു.
തിരികെ വരേണ്ടതിനാൽ
നടക്കുംദൂരമത്രയും
ഞാൻ അളക്കുകയായി.
പുതിയ ചെരുപ്പിൽ
പതിവുനടത്തം
മുടന്തുന്നു.
ചുളുങ്ങിയ തൊലിയുമായി
നിൽക്കുന്ന മരത്തിനു കീഴിൽ
അൽപ്പനേരമിരുന്നു—
മറ്റാരോ ഇരുന്നുപോയതിനാൽ
ഉണങ്ങിത്തുടങ്ങിയേടത്ത്.
കെട്ടിക്കിടന്നു തെളിഞ്ഞ
വെള്ളത്തിൽ ചില്ലയും
മണ്ണും ആകാശവും
ഒന്നിച്ചുകണ്ടു.
ഞാനെന്റെ കുട
എവിടെയോ മറന്നു.
അടുത്ത മഴയിൽ അത്
ചൂടുന്നത് മറ്റൊരാളാകാം.
ഡിസി ഇങ്ക് പോർട്ടലിൽ പ്രസിദ്ധീകരിച്ച കവിതയുടെ പരിഷ്കരിച്ച പതിപ്പ്
