ദീർഘദൂരയാത്രാവണ്ടിയിൽ എനിക്കൊപ്പമുള്ള യാത്രികർ മാറിക്കൊണ്ടേയിരുന്നു. ആ യാത്രയുടെ ഒടുവിലാണ് ഞാൻ അയാളെ കണ്ടത്: ഒരു ചെറുപ്പക്കാരൻ, കവി. അയാളിൽ ഞാൻ എന്നെത്തന്നെ കണ്ടു. അക്കാലമത്രയും തേടിയത് അയാളെയായിരുന്നുവെന്നും തോന്നി.എന്റെ ജീവിതത്തിൽ വന്നുപോയവരെക്കുറിച്ചെല്ലാം ഞാൻ അയാളോട് പറഞ്ഞു. അങ്ങനെ എന്റെ ജീവിതകഥ അയാളുടെ കാതിലുമെത്തി. അതെങ്ങനെ മുഴുമിപ്പിക്കുമെന്നറിയാതെ ഞാൻ കുഴങ്ങി; അയാളെന്നെ വിട്ടുപോകുവോളം.
അയാൾക്കുശേഷം ഞാൻ അടുത്ത ആളിലേക്കെത്തി, പിന്നെ അതിനടുത്ത ആളിലേക്കും. ഓരോരുത്തരോടും അന്നോളം കണ്ടവരോടൊപ്പം ജീവിച്ച കഥ ഞാൻ പലമട്ടിൽ പറഞ്ഞു. ഓരോ തവണയും ഒടുവിലത്തെ ആളെയും ചേർത്തുപറയുന്നത് എന്റെ ജീവിതമായി. എത്രകാലമിത് തുടരുമെന്നാണ് ഞാൻ ആലോചിച്ചത്.
പിന്നീടെപ്പോഴോ ഞാൻ കഥപറച്ചിലുകാരനല്ലാതായി. ഞാനായിരുന്നു കഥ. വന്നുപോയവരെല്ലാം ഓരോ അധ്യായം കൂട്ടിച്ചേർത്തുകൊണ്ടിരുന്ന കഥ.
എന്റെ കഥ തീർന്നതിൽപ്പിന്നെ അവരെയെല്ലാം ഞാൻ കേട്ടുതുടങ്ങുകയാണ്. എന്റെ ഓരോ അധ്യായവും അവരുടെ ഓരോ കഥയായി മാറുന്നത് ഞാൻ അവരിലൂടെ അറിയുന്നു.
അവരിലോരോരുത്തരിലും ഞാൻ ഓരോ അധ്യായമായി ചുരുങ്ങുന്നു.
ഡിസി ഇങ്ക് പോർട്ടലിൽ പ്രസിദ്ധീകരിച്ച കവിതയുടെ പരിഷ്കരിച്ച പതിപ്പ്
.jpg)