Showing posts with label ഓർമ്മ. Show all posts
Showing posts with label ഓർമ്മ. Show all posts
തുടർച്ച

തുടർച്ച

തുടർച്ച ചുവരിന്റെ പൂർണ്ണത അടഞ്ഞ 
വാതിലുകളിലാകുന്നു. കാറ്റിനു
പോകാനിടം കൊടുത്ത്
മരം ഉലയുന്നു.

മഴയ്ക്കുശേഷം ഞാൻ
വീടുപൂട്ടി നടക്കാനിറങ്ങി.
എന്റെ കാലുകൾ
എന്നെക്കാൾ മുമ്പേ
മടങ്ങാൻ കൊതിക്കുന്നു.

തിരികെ വരേണ്ടതിനാൽ
നടക്കുംദൂരമത്രയും
ഞാൻ അളക്കുകയായി.
പുതിയ ചെരുപ്പിൽ
പതിവുനടത്തം
മുടന്തുന്നു.

ചുളുങ്ങിയ തൊലിയുമായി
നിൽക്കുന്ന മരത്തിനു കീഴിൽ
അൽപ്പനേരമിരുന്നു—
മറ്റാരോ ഇരുന്നുപോയതിനാൽ
ഉണങ്ങിത്തുടങ്ങിയേടത്ത്.

കെട്ടിക്കിടന്നു തെളിഞ്ഞ
വെള്ളത്തിൽ ചില്ലയും
മണ്ണും ആകാശവും
ഒന്നിച്ചുകണ്ടു.

ഞാനെന്റെ കുട
എവിടെയോ മറന്നു.
അടുത്ത മഴയിൽ അത്
ചൂടുന്നത് മറ്റൊരാളാകാം.
ഡിസി ഇങ്ക് പോർട്ടലിൽ പ്രസിദ്ധീകരിച്ച കവിതയുടെ പരിഷ്കരിച്ച പതിപ്പ്
കഥ

കഥ

കഥ എന്ന ഗദ്യകവിതദീർഘദൂരയാത്രാവണ്ടിയിൽ എനിക്കൊപ്പമുള്ള യാത്രികർ മാറിക്കൊണ്ടേയിരുന്നു. ആ യാത്രയുടെ ഒടുവിലാണ് ഞാൻ അയാളെ കണ്ടത്: ഒരു ചെറുപ്പക്കാരൻ, കവി. അയാളിൽ ഞാൻ എന്നെത്തന്നെ കണ്ടു. അക്കാലമത്രയും തേടിയത് അയാളെയായിരുന്നുവെന്നും തോന്നി.

എന്റെ ജീവിതത്തിൽ വന്നുപോയവരെക്കുറിച്ചെല്ലാം ഞാൻ അയാളോട് പറഞ്ഞു. അങ്ങനെ എന്റെ ജീവിതകഥ അയാളുടെ കാതിലുമെത്തി. അതെങ്ങനെ മുഴുമിപ്പിക്കുമെന്നറിയാതെ ഞാൻ കുഴങ്ങി; അയാളെന്നെ വിട്ടുപോകുവോളം.

അയാൾക്കുശേഷം ഞാൻ അടുത്ത ആളിലേക്കെത്തി, പിന്നെ അതിനടുത്ത ആളിലേക്കും. ഓരോരുത്തരോടും അന്നോളം കണ്ടവരോടൊപ്പം ജീവിച്ച കഥ ഞാൻ പലമട്ടിൽ പറഞ്ഞു. ഓരോ തവണയും ഒടുവിലത്തെ ആളെയും ചേർത്തുപറയുന്നത് എന്റെ ജീവിതമായി. എത്രകാലമിത് തുടരുമെന്നാണ് ഞാൻ ആലോചിച്ചത്.

പിന്നീടെപ്പോഴോ ഞാൻ കഥപറച്ചിലുകാരനല്ലാതായി. ഞാനായിരുന്നു കഥ. വന്നുപോയവരെല്ലാം ഓരോ അധ്യായം കൂട്ടിച്ചേർത്തുകൊണ്ടിരുന്ന കഥ.

എന്റെ കഥ തീർന്നതിൽപ്പിന്നെ അവരെയെല്ലാം ഞാൻ കേട്ടുതുടങ്ങുകയാണ്. എന്റെ ഓരോ അധ്യായവും അവരുടെ ഓരോ കഥയായി മാറുന്നത് ഞാൻ അവരിലൂടെ അറിയുന്നു.

അവരിലോരോരുത്തരിലും ഞാൻ ഓരോ അധ്യായമായി ചുരുങ്ങുന്നു.
ഡിസി ഇങ്ക് പോർട്ടലിൽ പ്രസിദ്ധീകരിച്ച കവിതയുടെ പരിഷ്കരിച്ച പതിപ്പ്
ബാല്യം - I

ബാല്യം - I

ബാല്യം കവിതചെമ്മൺപാത, ഇരുവശം പാടം,
പാതയെ തുരന്നും പാടം പാതിയിൽമുറിച്ചും
ഇഴഞ്ഞുപോകുന്നു കുന്നിറങ്ങിവരുന്ന ചോല,
പതിവു നടത്തത്തിൻ്റെ ബുക്ക്മാർക്കുകളായി
ഉയർന്നുനിൽക്കുന്നു ഇലക്ട്രിക് പോസ്റ്റുകൾ
അവയിലൂടെ നീണ്ടുപോകുന്ന കമ്പികൾ
അതിൽ വന്നിരിക്കുന്ന കിളികൾ.

ഈ കാഴ്ച, സായാഹ്നവെട്ടത്തിലും
പുലർച്ചയുടെ മൂടൽമഞ്ഞിലും
എനിക്കുള്ളിൽ തെളിഞ്ഞുനിന്നു—
ഇരുപത്തഞ്ച് വർഷങ്ങൾക്കിപ്പുറം
ഞാൻ അവിടെ വീണ്ടുമെത്തുവോളം.

വഴി ടാറിട്ടിരിക്കുന്നു,
പാടങ്ങളിൽ അങ്ങിങ്ങ് വീടുകൾ,
ആ ചോല—അതുമാത്രമില്ല.
വെള്ളമായിരിക്കാം അതിനെ ചോലയാക്കിയത്,
വേനൽ കുന്നിലേക്കുള്ള പാതയും.
എങ്കിലും, അതെങ്ങനെ വന്നു ഓർമ്മയിൽ?

തിരിച്ചൊഴുകാനാകാത്ത ആ ചോല
ഓർമ്മയ്ക്കുമേൽ ഞാനിട്ട കയ്യൊപ്പ്. 
അല്ല, കള്ളയൊപ്പ്.

ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ആദ്യം പ്രസിദ്ധീകരിച്ചു
അച്ഛൻ, ഒരു ഛായാചിത്രം

അച്ഛൻ, ഒരു ഛായാചിത്രം

അച്ഛൻ, ഒരു ഛായാചിത്രം അച്ഛൻ ചിത്രം വരയ്ക്കുമായിരുന്നു,
കുഞ്ഞായിരുന്നപ്പോൾ ഞാനതുംനോക്കി
മിണ്ടാതെയങ്ങനെയിരുന്നിട്ടുണ്ട്.

ഒരിക്കൽ അലമാരയുടെ മുകളിൽ
അദ്ദേഹം ചുരുട്ടിയൊളിപ്പിച്ച പെയിന്റിംഗ്
ഞാൻ കമ്പുകൊണ്ട് തോണ്ടിയെടുത്തു:
പൂർണ്ണനഗ്നയായി കിടക്കുന്ന ഒരുവളെ
ആദ്യമായി കണ്ട ഓർമ്മയായി എനിക്കത്.
അതെന്തായാലും അമ്മയായിരുന്നില്ല.
അറിയാൻപാടില്ലാത്തതെന്തോ കണ്ടൊരാളെ
നോക്കുന്നമട്ടിലുള്ള അവളുടെ കണ്ണുകൾ
എന്റെയുള്ളിലിപ്പോഴും ഇമവെട്ടാതെയുണ്ട്.
ആ ചിത്രം എടുത്തിടത്തുതന്നെ വെക്കാൻ
ഞാൻ നന്നേ പാടുപെട്ടു, തീർച്ചയായും
ഞാനതുകണ്ടത് അച്ഛൻ അറിഞ്ഞിരിക്കും.

കളിപ്പാട്ടങ്ങൾക്കൊപ്പമുള്ള ജീവിതം ഞാൻ
മറച്ചുവെക്കാൻ തുടങ്ങിയ കാലത്താണ്
അദ്ദേഹം പെയിന്റിങ് നിർത്തുന്നത്.
പാതി പണിതീർത്ത ഒരു കാൻവാസും
കട്ടപിടിച്ച ചായങ്ങളും ശേഷിച്ചു,
കഴുകിവെക്കാൻ വിട്ടുപോയതിനാൽ
ഉപയോഗശൂന്യമായ ബ്രഷും.

ഞങ്ങളിപ്പോൾ രണ്ടിടങ്ങളിലായി,
മിണ്ടിയിട്ട് മാസങ്ങളായി.
പരസ്പരം കാണാനിടവരുമെങ്കിൽ
കാൻവാസിലേക്ക് മറിഞ്ഞുവീണ ചായം
പോലെയാകുമോ ഞങ്ങളുടെ സംസാരം?
ഒഴിഞ്ഞ കാൻവാസിനു മുന്നിലെന്നപോലെ
അദ്ദേഹം എനിക്കുമുന്നിൽ നിന്നേക്കും,
ഒഴിഞ്ഞ താളുകളിലേക്കെന്നപോലെ
ഞാൻ അദ്ദേഹത്തെ നോക്കിയേക്കും.
മൂല്യശ്രുതി മാസികയിൽ ആദ്യം പ്രസിദ്ധീകരിച്ചു
കാലഹരണം

കാലഹരണം

കാലഹരണം
1

മ്യൂസിയത്തിലെ സ്വീകരണമുറിയിൽ
രണ്ടാൾപ്പൊക്കം വലിപ്പത്തിൽ
ഒരു കൂറ്റൻ ഘടികാരം,
നൂറ്റാണ്ടുകൾ പഴകിയ പുരാവസ്തു;
ഈ നൂറ്റാണ്ടിലെ ഈ നിമിഷത്തെ
വെളിപ്പെടുത്തി നിൽക്കുന്നു.

വൈകിവരുന്ന എന്നോട് നീ പറയുന്നു:
‘നിലച്ച ഘടികാരം പോലും ദിവസവും
രണ്ടുവട്ടം കൃത്യസമയം കാണിക്കും’

മടിയരുടെ സ്ഥിരംവാദങ്ങൾ
ഞാൻ ആവർത്തിക്കുന്നു:
'ഘടികാരസൂചിയേക്കാൾ
വേഗത്തിൽ നടന്നാലും
പത്ത് മിനുറ്റിൽ ചെയ്യേണ്ടത്
അഞ്ച് മിനുറ്റിൽ തീർത്താലും
നമുക്ക് സ്വന്തം ഇപ്പോൾ ഈ നിമിഷം മാത്രം'

2


ആളുകൾക്ക്
തിരക്കിട്ടൊഴിയേണ്ടിവന്ന കെട്ടിടത്തിലുണ്ട്
ഇനിയും നിലയ്ക്കാത്ത ഘടികാരം.
കാതോർത്താൽ കേൾക്കാം,
ഭയം ഉള്ളിൽപ്പേറുന്നവരുടെ നെഞ്ചിടിപ്പ്.

തനിക്കുള്ളിൽ തന്നെയുള്ള
അതിന്റെ സൂചികളുടെ നടത്തം
തുടങ്ങിയ ഇടത്തുതന്നെ ചെന്നെത്തുന്നു;
വീണ്ടും നടത്തം തുടരുന്നു.

രേഖീയമാകാൻ അതിനു വേണം
കലണ്ടറിന്റെ കൂട്ട്.

ഇന്ന്, ആഗസ്റ്റ് 6, രാവിലെ
8.15 എന്ന് ക്ലോക്കിൽ കാണുമ്പോൾ
നമ്മളിൽ നമ്മുടെ കുഞ്ഞുമോനെ കൂട്ടാൻ
സ്കൂൾബസ് വരുന്നതിന്റെ വെപ്രാളം മാത്രം.

3

'കൈയ്യിൽ സ്മാർട്ട്ഫോണുള്ളപ്പോൾ
എന്തിനാണ് ഇനിയൊരു ക്ലോക്ക്?'
വീടുമാറ്റത്തിനിടെ കേടായിപ്പോയ
പഴയ ക്ലോക്ക് ചൂണ്ടി നീ ചോദിക്കുന്നു.

ശരിയാണ്,
ഇത് അക്കങ്ങളിൽത്തന്നെ
എല്ലാം വെളിപ്പെടുന്ന കാലം.

തിരിച്ചറിയാൻ ആധാർ നമ്പർ,
വിലാസമോ മൂന്നാം നിലയിൽ ആറാം നമ്പർ,
ഏതൊരാളും ഒരു ഫോൺനമ്പർ അകലെ,
ദൂരവും വേഗവും വെളിപ്പെടുന്നത്
അവ നടന്നെടുത്തിരുന്ന കാലിന്റെ
ക്ഷീണത്തിലല്ല, വാഹനത്തിന്റെ മോണിറ്ററിൽ.

അക്കത്തിൽ സമയത്തിനും അതീവകൃത്യത,
സെക്കൻഡുകൾക്ക് പോലും വ്യക്തത.

എങ്കിലും, ശീലത്തെപ്രതി നമ്മൾ
ചുവരിൽ ഒരിടം നൽകുന്നു
കലണ്ടറിനും ക്ലോക്കിനും.

ദേശാഭിമാനി വാരികയുടെ ഓണപ്പതിപ്പിൽ ആദ്യം പ്രസിദ്ധീകരിച്ചു