Showing posts with label ലൈംഗികത. Show all posts
Showing posts with label ലൈംഗികത. Show all posts
പുഴക്കരെ, നമ്മൾ

പുഴക്കരെ, നമ്മൾ

പുഴക്കരെ, നമ്മൾ തൻ്റെയുള്ളം വെളിപ്പെടും തെളിച്ചത്തിൽ
വെയിലിൻ്റെ ഉടയാടയെടുത്തുടുത്ത്
മിന്നിത്തിളങ്ങുന്നു പുഴ.

അർത്ഥം പലതുണ്ടായിരിക്കെ നിൻ്റെ മൗനം
മൊഴിമാറ്റത്തിന് വഴങ്ങും ഭാഷയാകുന്നു,
വാക്കുകളെടുത്തുടുക്കാനൊരുങ്ങുന്നു.

ഞാനോർക്കുന്നു: നമ്മുടെ പുറത്താകൽ
ഏദനിൽ നിന്നല്ല, ഉടലുകൾ
ഉടുവസ്ത്രമല്ലാതാകലിലാണ്.

എന്ത് കാണപ്പെടുന്നുവെന്നതല്ല
എന്ത് മറയ്ക്കപ്പെടുന്നില്ല
എന്നതാകുന്നു ഭയം.

മേഘങ്ങളാൽ സ്വന്തം ഇല്ലായ്മ മറയ്ക്കാൻ
പാടുപെടും മാനത്തിനു കീഴിൽ, നമ്മൾ
പരസ്പരം വെളിപ്പെടാനായി തുണിയുരിയുന്നു.

വെയിൽ വെളിപ്പെടുത്തിയ നമ്മുടെ
നിഴലുകൾ വെയിലിനോടൊപ്പം മടങ്ങാൻ
മടിക്കുന്നു; രാത്രിയാകുന്നു.

ഇണചേരാൻ വെമ്പിനിൽക്കും
നമുക്കുമേൽ ഭയത്തിൽ
മുക്കിയെടുത്ത ഇരുട്ടിന്റെ പുതപ്പ്.
സമകാലിക മലയാളം വാരികയിൽ ആദ്യം പ്രസിദ്ധീകരിച്ചു
അച്ഛൻ, ഒരു ഛായാചിത്രം

അച്ഛൻ, ഒരു ഛായാചിത്രം

അച്ഛൻ, ഒരു ഛായാചിത്രം അച്ഛൻ ചിത്രം വരയ്ക്കുമായിരുന്നു,
കുഞ്ഞായിരുന്നപ്പോൾ ഞാനതുംനോക്കി
മിണ്ടാതെയങ്ങനെയിരുന്നിട്ടുണ്ട്.

ഒരിക്കൽ അലമാരയുടെ മുകളിൽ
അദ്ദേഹം ചുരുട്ടിയൊളിപ്പിച്ച പെയിന്റിംഗ്
ഞാൻ കമ്പുകൊണ്ട് തോണ്ടിയെടുത്തു:
പൂർണ്ണനഗ്നയായി കിടക്കുന്ന ഒരുവളെ
ആദ്യമായി കണ്ട ഓർമ്മയായി എനിക്കത്.
അതെന്തായാലും അമ്മയായിരുന്നില്ല.
അറിയാൻപാടില്ലാത്തതെന്തോ കണ്ടൊരാളെ
നോക്കുന്നമട്ടിലുള്ള അവളുടെ കണ്ണുകൾ
എന്റെയുള്ളിലിപ്പോഴും ഇമവെട്ടാതെയുണ്ട്.
ആ ചിത്രം എടുത്തിടത്തുതന്നെ വെക്കാൻ
ഞാൻ നന്നേ പാടുപെട്ടു, തീർച്ചയായും
ഞാനതുകണ്ടത് അച്ഛൻ അറിഞ്ഞിരിക്കും.

കളിപ്പാട്ടങ്ങൾക്കൊപ്പമുള്ള ജീവിതം ഞാൻ
മറച്ചുവെക്കാൻ തുടങ്ങിയ കാലത്താണ്
അദ്ദേഹം പെയിന്റിങ് നിർത്തുന്നത്.
പാതി പണിതീർത്ത ഒരു കാൻവാസും
കട്ടപിടിച്ച ചായങ്ങളും ശേഷിച്ചു,
കഴുകിവെക്കാൻ വിട്ടുപോയതിനാൽ
ഉപയോഗശൂന്യമായ ബ്രഷും.

ഞങ്ങളിപ്പോൾ രണ്ടിടങ്ങളിലായി,
മിണ്ടിയിട്ട് മാസങ്ങളായി.
പരസ്പരം കാണാനിടവരുമെങ്കിൽ
കാൻവാസിലേക്ക് മറിഞ്ഞുവീണ ചായം
പോലെയാകുമോ ഞങ്ങളുടെ സംസാരം?
ഒഴിഞ്ഞ കാൻവാസിനു മുന്നിലെന്നപോലെ
അദ്ദേഹം എനിക്കുമുന്നിൽ നിന്നേക്കും,
ഒഴിഞ്ഞ താളുകളിലേക്കെന്നപോലെ
ഞാൻ അദ്ദേഹത്തെ നോക്കിയേക്കും.
മൂല്യശ്രുതി മാസികയിൽ ആദ്യം പ്രസിദ്ധീകരിച്ചു
ഇല്ലാത്തൊരാൾ

ഇല്ലാത്തൊരാൾ

ഇല്ലാത്തൊരാൾ അന്ന്, കളി കഴിഞ്ഞ്,
നീ തൊലി ചെത്തിത്തന്ന
ആപ്പിൾ കഴിച്ചുകൊണ്ട്
ഞാൻ വായിക്കാനിരുന്നു.

കുളി കഴിഞ്ഞ്,
ടവ്വൽ ചുറ്റിക്കൊണ്ട്
നീ എനിക്കരികിലൂടെ പോയി
കണ്ണാടിക്ക് മുന്നിൽനിന്നു.

ടവ്വലഴിച്ചിട്ട്, മുലകളുടെ മേൽ
എന്റെ കടികൊണ്ടുണ്ടായ
ചുവപ്പിൽ തൊട്ടും തലോടിയും
നോക്കാൻ തുടങ്ങി,
ഞാൻ നിന്നെ ശ്രദ്ധിക്കുന്നെന്ന്
കണ്ണാടിയിൽക്കണ്ട ഉടനെ
നീ കൈ പൊത്തി മറച്ചു —
മുലകളല്ല— മുഖം.

ഇന്നിപ്പോൾ, കുളി കഴിഞ്ഞ് നീ
നൂൽബന്ധമില്ലാതെ വീടിനുള്ളിൽ
അങ്ങോളമിങ്ങോളം നടക്കുന്നു,
ഞാനൊരാൾ ഇവിടെ
ഇല്ലാത്തതുപോലെ.

അല്ലാ, ഇനി ശരിക്കും ഞാൻ
ഇവിടെ ഇല്ലെന്നുണ്ടോ, അതോ
ഇല്ലാത്തത് നീയാകുമോ?
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
യാതൊന്നും ചെയ്യാനില്ലാതെ

യാതൊന്നും ചെയ്യാനില്ലാതെ

യാതൊന്നും ചെയ്യാനില്ലാതെ ഏറെനിലകളുള്ളൊരു ഫ്ലാറ്റിൽ
ഏതോനിലയിലൊരുമുറിയിൽ
ഏറെക്കാലമായൊരേ
പുസ്തകം വായിച്ചുകിടക്കും
വൃദ്ധനുറങ്ങിപ്പോകുന്നു.
ഉറക്കമുണരുമ്പോളെന്തോരം
വായിച്ചെന്നോർക്കാനാവാതെ
വീണ്ടും വായിച്ചുതുടങ്ങുന്നു.

ചിലനേരങ്ങളിലയാൾ
ചില്ലുജാലകത്തിലൂടെ
പുറത്തേക്കു നോക്കിനിൽക്കും.
ദൂരെ മൊട്ടക്കുന്നിനുച്ചിയിൽ
മെയ്മാസം കൈവിട്ട
മരത്തിൽ ഇലയില്ലായ്മ
പരിഹരിക്കാനെന്നോളം
ചില്ലകളിൽ ചേക്കേറുന്ന
മേഘങ്ങൾ കാണും

പോകപ്പോകെ നോട്ടം
ജാലകച്ചില്ലിൽ തന്നെയാകും
നോക്കിനോക്കിനിൽക്കേ
ജാലകച്ചില്ലിൽ
തന്നെത്തന്നെ കണ്ടുമുട്ടും.

കമിതാക്കളെഴുന്നേറ്റു പോകെ
ചുളിഞ്ഞു കിടക്കും
കിടക്കവിരി പോലെ
ചുക്കിച്ചുളിഞ്ഞ മുഖം കാണേ
എത്രയെത്ര പെണ്ണുങ്ങൾ
ചുംബിച്ചതാണീ മുഖത്തെന്നോർത്ത്
പല്ലില്ലാമോണകാട്ടി ചിരിക്കും.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
ഇടയിൽ

ഇടയിൽ

ഇടയിൽ താഴ്‌വരയിൽ
മുഖം പൂഴ്ത്തിക്കിടന്നു
രാത്രി.

ഇരുട്ടിനെ നക്കിനീക്കി
വെളിച്ചം പരത്തുന്ന
മെഴുകുതിരിനാളം പോലെ
എന്റെ നാവ്.

പാതി വെളിവിലും
പാതി ഇരുളിലുമായ മുഖം
മുലകൾക്കിടയിലൂടെ കണ്ടു.

തുടകൾ കൊണ്ട്
അവളെന്റെ കാതുകളടച്ചു.

വിയർത്തൊലിച്ച് രാവൊടുങ്ങി,
പുലരിയിലതാ നനഞ്ഞു
നിൽക്കുന്നു ശംഖുപുഷ്പം.

'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
കാലുകൾ

കാലുകൾ

കാലുകൾ സ്വന്തംകാലിൽ നിൽക്കുന്നൊരു
സമയം വരും. ഇനിയാരും വേണ്ടെന്ന്
നീ ഉറപ്പിക്കുന്ന സമയം.

പൂച്ച തന്റെ ഉടമയെ എന്നപോലെ
നീ വീടിനെ ചുറ്റിപ്പറ്റിക്കഴിയും.
കാൽ കുഴയുമ്പോൾ, മുറിയിൽ
നാലുകാലികളായ കട്ടിലും കസേരയും
താങ്ങായി ഉണ്ടാകും.

അലമാരയുടെ ഇരുപാളികളും തുറന്നിട്ട്
അടുക്കിവെച്ച പലതരം വേഷങ്ങൾ
നോക്കിനിൽക്കും.

വിത്തു നട്ട്,
രണ്ടിലകൾ ചിറകുകളായി വിടർത്തി
ഇപ്പോൾ പറന്നേക്കുമെന്ന് തോന്നിക്കും
നാമ്പുകൾക്കായി കാത്തിരിക്കും

തൊടിയിൽ മരങ്ങളിൽ
കാറ്റിന്റെ തല്ലും തലോടലുമേറ്റ്
വളരുന്ന, തളരുന്ന, വീഴുന്ന
ഇലകൾ, പൂക്കൾ, കായ്കൾ
കണ്ടുനടക്കും.

ഇങ്ങനെ കഴിയുന്നതിനിടയിൽ
നീ വീണ്ടും ഒരാളെ കണ്ടുമുട്ടും,
ഏറ്റവും പ്രിയപ്പെട്ട വേഷമണിയും,
കിടക്കയും സമയവും
അയാളുമായി പങ്കിടും.

അയാൾ പോകുന്നതോടെ നീ
സ്വന്തം കാലുകളിലേക്ക് നോക്കും
അയാളോടൊപ്പം നടന്ന
അയാൾക്ക് മുന്നിൽ അകന്ന
അതേ കാലുകളിലേക്ക്.
ട്രൂകോപ്പി തിങ്ക് വെബ്സൈൻ ആദ്യം പ്രസിദ്ധീകരിച്ചു. 'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
പിടച്ചിൽ

പിടച്ചിൽ

പിടച്ചിൽ സന്ദര്‍ശകര്‍ക്കായി തുറന്നിട്ട കോട്ടയില്‍
ഇരുണ്ട നിലവറയിൽ, മറ്റാരുമില്ലാനേരം.
ഞങ്ങൾ തെരുതെരെ ഉമ്മവെച്ചു, ആദ്യമായി.
എന്തിനെന്നില്ലാതെ അരക്കെട്ടിളകി,
കൈകളും കാലുകളും വിറകൊണ്ടു.
തീപിടിച്ച വീടിനിറയത്തെ
കൂട്ടിലെ കിളിയെന്നപോലെ
വാരിയെല്ലിന്‍ക്കൂട്ടിൽ നിന്നും
പുറത്തുകടക്കാനാകാതെ
ഉള്ളിൽക്കിടന്നെന്തോ പിടഞ്ഞു.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
തടാകം

തടാകം

തടാകം കാടിൻ നടുക്കുള്ള തടാകത്തിൽ
തുണിയില്ലാതൊരു പെണ്ണുടൽ.
ഇരുട്ടുടുപ്പിട്ടു കാവൽ നിന്നു മരങ്ങൾ.
വഴികൾ മായ്ച്ചുവളർന്നു ചെടികൾ.

ഇലവീണുണ്ടാകും ജലതരംഗം പോലെ
പടർന്നൊടുങ്ങി ഉടൽചീയും മണം.
അഴകുള്ള ഉടലിൽ ഉമ്മവെച്ച മീനുകൾ
അവളുടെ അഴുകുമുടൽ തിന്നു.

ഇണചേരാനൊരിടം തേടി
വഴിതെളിച്ചെത്തിയ ഞങ്ങൾക്ക്
മുഖംനോക്കാൻ കണ്ണാടിയായി
കുടിക്കാൻ തെളിനീരുമായി

മാനം നോക്കിക്കിടന്നു തടാകം.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.