Showing posts with label ഏകാന്തത. Show all posts
Showing posts with label ഏകാന്തത. Show all posts
മുഖാമുഖം

മുഖാമുഖം

മുഖാമുഖം തിരക്കൊഴിഞ്ഞ ബീച്ചിൽ
നായക്കൊപ്പം ഒരാൾ കളിക്കുന്നു
അതുംനോക്കിയിരിക്കുമ്പോൾ
തെല്ലൊരു സന്തോഷം.

തിരകൾ വന്നെൻ്റെ കാൽ നക്കി
തിരികെപ്പോകുന്നു.
നിലത്തഴിച്ചിട്ട പാവാടയുടെ
ഞെറിയായി നീ തിരയെ
സങ്കൽപ്പിച്ചത് ഞാനോർത്തു.

കടലിനും ആകാശത്തിനും ഒരേ നിറം,
ആകാശം കടലിൽ മുഖംനോക്കിയപോലെ
അതോ ആകാശത്തിൽ കടൽ നോക്കിയതോ?
നായ എനിക്കരികിലൂടെ ഓടിപ്പോകുന്നു
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അയാളില്ല.

ദൂരേക്ക് എറിഞ്ഞ പന്ത് തിരഞ്ഞുപിടിച്ച്
തിരികെ കൊണ്ടുചെന്ന ആ നായ
അയാൾക്കായി തിരയുന്നു, പിന്നെയത്
എനിക്കുനേരെ നോക്കിനിൽക്കുന്നു.
സമകാലിക മലയാളം വാരികയിൽ ആദ്യം പ്രസിദ്ധീകരിച്ചു
യാതൊന്നും ചെയ്യാനില്ലാതെ

യാതൊന്നും ചെയ്യാനില്ലാതെ

യാതൊന്നും ചെയ്യാനില്ലാതെ ഏറെനിലകളുള്ളൊരു ഫ്ലാറ്റിൽ
ഏതോനിലയിലൊരുമുറിയിൽ
ഏറെക്കാലമായൊരേ
പുസ്തകം വായിച്ചുകിടക്കും
വൃദ്ധനുറങ്ങിപ്പോകുന്നു.
ഉറക്കമുണരുമ്പോളെന്തോരം
വായിച്ചെന്നോർക്കാനാവാതെ
വീണ്ടും വായിച്ചുതുടങ്ങുന്നു.

ചിലനേരങ്ങളിലയാൾ
ചില്ലുജാലകത്തിലൂടെ
പുറത്തേക്കു നോക്കിനിൽക്കും.
ദൂരെ മൊട്ടക്കുന്നിനുച്ചിയിൽ
മെയ്മാസം കൈവിട്ട
മരത്തിൽ ഇലയില്ലായ്മ
പരിഹരിക്കാനെന്നോളം
ചില്ലകളിൽ ചേക്കേറുന്ന
മേഘങ്ങൾ കാണും

പോകപ്പോകെ നോട്ടം
ജാലകച്ചില്ലിൽ തന്നെയാകും
നോക്കിനോക്കിനിൽക്കേ
ജാലകച്ചില്ലിൽ
തന്നെത്തന്നെ കണ്ടുമുട്ടും.

കമിതാക്കളെഴുന്നേറ്റു പോകെ
ചുളിഞ്ഞു കിടക്കും
കിടക്കവിരി പോലെ
ചുക്കിച്ചുളിഞ്ഞ മുഖം കാണേ
എത്രയെത്ര പെണ്ണുങ്ങൾ
ചുംബിച്ചതാണീ മുഖത്തെന്നോർത്ത്
പല്ലില്ലാമോണകാട്ടി ചിരിക്കും.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
ശേഷം

ശേഷം

ശേഷം ഒറ്റയ്ക്ക് കഴിഞ്ഞൊരാൾ
മരിച്ചതിൽപ്പിന്നെ
ഒഴിഞ്ഞുകിടക്കും വീട്,

തുറന്നുകിടക്കും ജനൽ
കടത്തിവിടും വെയിൽ
വരച്ചിടുകയാണു അകച്ചുവരിൽ
വരുംവഴി മുന്നിൽപ്പെട്ട
ഇലയില്ലാചില്ലതൻ നിഴൽ

കാറ്റേറും നേരങ്ങളിൽ
വീടുമായി പറന്നുയരാൻ നോക്കും
ചിറകടിയുമായി ജനൽപ്പാളികൾ.

നിശബ്ദത തിങ്ങും മുറിക്കുള്ളിൽ
പൊടിപുതച്ചുറങ്ങും പുസ്തകങ്ങളിൽ
ഒച്ചയാകാനാവാതെ വാക്കുകൾ.

മജീഷ്യന്റെ കറുത്ത തൂവാല കണക്കെ
രാത്രി ലോകത്തെ മൂടുമ്പോൾ
ഇരുട്ടിൽ തുറന്ന കണ്ണായ്
തുറന്നുകിടക്കും ജനൽ,

അടച്ചിടുന്നതാരതിൻ പാളികൾ—
അയാളുടെ കൺപോളകളെന്നപോലെ.
കേരള കവിത ആദ്യം പ്രസിദ്ധീകരിച്ചു. 'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
നിനക്ക് ഞാനുണ്ടെന്ന് ഏറ്റുപറയുന്നു

നിനക്ക് ഞാനുണ്ടെന്ന് ഏറ്റുപറയുന്നു

നിനക്ക് ഞാനുണ്ടെന്ന് ഏറ്റുപറയുന്നു മാനാഞ്ചിറ സ്‌ക്വയറിലെ
ഏകാന്തതയെന്ന പെൺകുട്ടീ,
പതിവായുള്ള
വിരസതയ്ക്കും വിരഹത്തിനും
വിരാമമിടാം നമുക്ക്.

വായ തുറക്കുമ്പോൾ
ഛർദ്ദിക്കുന്ന ബിയറിന്റെ
ചുണ്ടോടു ചുണ്ടുകൾ ചേർത്ത്
കുപ്പിയിലടയ്ക്കപ്പെട്ട തിരയെ
നമ്മുടെയുള്ളിലെ കടലിലേക്ക്
ഇറക്കിവിടാം.

എന്നിട്ട് ഈ വൈകുന്നേരം
വിധവയുടെ, വയൽക്കരയിലെ
വീട്ടിലേക്കു പോകാം.

വിളഞ്ഞു നിൽക്കുന്ന
പാടത്തുള്ളതിനേക്കാൾ
കൊയ്ത്തു കഴിഞ്ഞ പാടത്താണ്
കിളികളേറെയെന്ന് മൂളിപ്പാട്ടുപാടുന്ന
നാടൻ കാറ്റുകളെ പാട്ടിനുവിട്ട്
വിധവയോടൊപ്പം നമുക്കും പാടാം:

മാനത്തേതോ കർഷകൻ വിതറിയ
മഴവിത്തുകൾ കൊണ്ടുപോയ പക്ഷിയെ
ഭയന്നൊരു കർഷകൻ മണ്ണിൽ
വിത്തിറക്കാൻ മടിക്കുന്നു.

'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
അതേ വെയിൽ

അതേ വെയിൽ

അതേ വെയിൽ നഗരങ്ങളുടെ
കറുത്തനദിയെന്ന്
മൊഴിമാറ്റം ചെയ്യപ്പെട്ട
റോഡരികിൽ
        ഒരു മരം,
        ഒരു പെൺകുട്ടി.

നിഴലെന്ന നിലയിൽ
പെൺകുട്ടിയുടെ ഛായാചിത്രം
വരച്ചെടുക്കുന്ന അതേ വെയിൽ
മരത്തിന്റെ നിഴലിനെ
തണലെന്ന്
മൊഴിമാറ്റി വിളിപ്പിക്കുന്നു.

വെയിൽ മായുമ്പോൾ
ഇരുട്ടെന്നു മൊഴിമാറ്റം ചെയ്യപ്പെട്ട
രാത്രിയുടെ നിഴലിൽ
അതേ മരം,
        ഒറ്റയ്ക്ക്.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
ശേഷം 2

ശേഷം 2

ശേഷം 2 ഒറ്റയ്ക്ക് കഴിഞ്ഞൊരാൾ
ഒഴിഞ്ഞുപോയതിൽപ്പിന്നെ
അടഞ്ഞുകിടക്കും വീടിനുള്ളിൽ
തടംകെട്ടി കിടക്കുകയാണ് ഇരുട്ട്.

അയാൾ അയാൾക്കുതന്നെ
എന്നുമെഴുതാറുണ്ടായിരുന്ന
കത്തുപോലെ പതിവായ്
വാതിൽപ്പടിവരെ വന്നെ-
ത്തിനോക്കുന്നുണ്ട് വെയിൽ.

വീടിനുള്ളിലൊതുങ്ങിക്കഴിഞ്ഞ
കാലമത്രയും അയാൾ അയാളെത്തന്നെ
വരച്ചുകൊണ്ടിരുന്നു. എല്ലായിപ്പോഴുമത്
മറ്റാരെയോ പോലെയായതിനാൽ,
അയാൾ അയാളെത്തന്നെ
വരച്ചുകൊണ്ടിരുന്നു.

വീട്ടിൽ കയറി അയാൾ
വാതിലടച്ചപ്പോഴൊക്കെയും
ലോകം രണ്ടായിപിരിഞ്ഞു:
അയാളുടേതെന്നും
നമ്മുടേതെന്നും.

ഇന്ന്,
വാടകയ്ക്കു വീടുതേടിയെത്തിയ
ഞാൻ വാതിൽ തുറന്നതും
എനിക്കൊപ്പം കയറിയ വെളിച്ചത്താൽ
തടംകെട്ടിക്കിടക്കും ഇരുട്ട്
പൊടുന്നനെ നിഴലുകളായി മാറി.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.