രണ്ട് കവിതകൾ


പലായനം


വേരാഴ്ത്താനൊരിടം കിട്ടാതെ
ജീവൻ്റെ വിത്തായി അലയുന്നു, ഭൂമി.

തന്നിൽ നിന്നും വേർപെടും ജീവന്റെ തരികളെ
കടലിനാൽ പൊതിഞ്ഞുപിടിക്കുന്നു,
ചിറകടിച്ചുപോകുന്നവയെ
മരങ്ങളിലൂടെ തിരിച്ചുവിളിക്കുന്നു.
മനുഷ്യരെ പിടിച്ചുനിർത്താൻ
അവർക്കുവേണം വീടെന്നാക്കുന്നു,
വീടിനുവേണം മണ്ണിൽ ആഴമെന്നാക്കുന്നു.

ഇനിയും ജനിക്കാത്ത കുഞ്ഞിനായി
സൂര്യൻ വെയിൽ ചുരത്തുന്നു,
ചന്ദ്രൻ നിലാവ് ചുരത്തുന്നു.

വേരാഴ്ത്താനൊരിടം കിട്ടാതെ
ജീവൻ്റെ വിത്തായി ഭൂമി അലയുന്നു.

ഭൂമിയിൽ ഞാനുമലയുന്നു.

കാണൽ


വസ്തുക്കളിൽ തട്ടിച്ചിതറി
മടങ്ങുന്ന വെട്ടം കാഴ്ചയായി;
വെട്ടത്തോട് നടന്നടുക്കും
പൂച്ചയ്ക്ക് പുലിനിഴലുണ്ടായി.

മുറിച്ചിട്ട മരച്ചില്ലയിൽ മുളപൊട്ടി
മറ്റൊരു മരമായി; അങ്ങനെ
വന്മരങ്ങളിൽ കാണും
ചില്ലകളത്രയും ചെറുമരങ്ങളായി.

കൊല്ലപ്പെട്ട കുഞ്ഞിനെ മാറോട്
ചേർത്തൊരുവൾ കരയുകയായി.
ഞാൻ ദൂരെ മാറിനിൽക്കുകയായി,
പിന്നിൽ നിന്നും നോക്കുകയായി,
കുഞ്ഞിനു മുലയൂട്ടുന്ന
അമ്മയായി കാണുകയായി.

തടാകം ഭൂമിയ്ക്ക് കണ്ണായി.
വെയിൽ പകലിന്റെ നോട്ടമായി.
കാണപ്പെടുന്ന കണ്ണിൽ
സർവ്വതും അവയെത്തന്നെ
കാണുകയായി.