സാന്നിദ്ധ്യം

അവൾ തൻ്റെ അമ്മയുടെ
കൂടെക്കഴിയാൻ പോയതിൽപ്പിന്നെ
അവളില്ലെന്നതിന്റെ തെളിവുകൾ
സാന്നിദ്ധ്യമറിയിച്ചുകൊണ്ടിരുന്നു:
പാതിയൊഴിഞ്ഞ മെത്ത,
എടുക്കാതെ പോയ ഉടുപ്പുകൾ,
ചീർപ്പിലെ നീളൻ മുടിയിഴകൾ.

മൂന്നാം നാൾ
ജനൽപ്പടിയിലെ ചെടി
വാടിയുണങ്ങിയത് ഞാൻ കണ്ടു.
പിന്നീടുള്ള രണ്ടുനാളും ഞാനതിന്
മറക്കാതെ വെള്ളമൊഴിച്ചു.
അവൾ മടങ്ങിയെത്തിയപ്പോൾ
ആ ചെടി ശ്രദ്ധയിൽപ്പെട്ടില്ല,
വാടിക്കരിഞ്ഞിരുന്നെങ്കിൽ
എൻ്റെ അശ്രദ്ധയ്ക്കുദാഹരണമായി
അത് കണ്ണിൽപ്പെടുമായിരുന്നു.

നിനക്ക് എൻ്റെ കാര്യത്തിലൊരു
ശ്രദ്ധയുമില്ല എന്ന തോന്നലോടെ
അഞ്ചുനാൾ അകന്നുനിന്നതിൽ
വീണ്ടുകിട്ടിയൊരടുപ്പം ഞങ്ങളിൽ
ഇനി അൽപ്പനാൾ പറ്റിച്ചേർന്നുനിൽക്കും,
അവളെ കാണുമ്പോഴൊക്കെയും
ഓടിയടുക്കാറുണ്ടായിരുന്ന പൂച്ചയെപ്പോലെ.

ആ പൂച്ചയെ കുഴിച്ചിട്ടയിടത്തിപ്പോൾ
അനേകം ചെടികൾ വളർന്നിരിക്കുന്നു.
എല്ലാവർക്കും അവിടമൊരു ചെറുപൂന്തോട്ടം,
അവൾക്കോ ഇല്ലാത്തൊരു പൂച്ചയുടെ സാന്നിദ്ധ്യം.