.jpg)
കാലടികളാൽ പണിയപ്പെടുന്നു
അവിടേക്കുള്ള പാത.
പേനയൊരു സൂചിയാകുന്നു,
വേദപുസ്തകത്തിൽ തുന്നപ്പെട്ട
വാക്കുകൾ പറയുന്നു.
ഞങ്ങൾ മുട്ടിപ്പായിരിക്കയാണ്,
പ്രാർത്ഥനാമുറിയിലെ ഒഴിഞ്ഞ
ബെഞ്ചുകൾ പറയുന്നു.
വെളിച്ചത്താൽ ഉരിയപ്പെട്ട നിങ്ങളുടെ
ഉടുവസ്ത്രമാണെന്നും പറഞ്ഞ്
നിഴൽ നമ്മുടെ കാൽക്കീഴിൽ വീഴുന്നു.
നോക്കിനിൽക്കെ കണ്ണാടി
നിശ്ചലതടാകമാകുന്നു, നമ്മുടെ
ഉടലിന്റെ ജഡം അതിൽ പൊന്തുന്നു.
ഭയത്തിന്റെ മാറ്റൊലിയ്ക്ക്
കാതോർത്ത് നമ്മൾ
അഭയം തേടിയലയുന്നു.
ഓരോ മരത്തലപ്പും തുരുത്താകും
ഓരോ ഇലയും തോണിയാകും
നമുക്കായിട്ടല്ലെന്നു മാത്രം.