Showing posts with label മെറ്റാപോയട്രി. Show all posts
Showing posts with label മെറ്റാപോയട്രി. Show all posts
ഭാഷാനന്തരം

ഭാഷാനന്തരം

ചില വാക്കുകൾ എന്റെ മകന് വഴങ്ങുന്നില്ല.
അവന്റെ കോഴി, തോഴി ആകുന്നു
അവന്റെ കല, തല ആകുന്നു.
മറ്റുള്ളവർക്കും അവനും ഇടയിൽ
ഞാൻ അവന്റെ പരിഭാഷകനാകുന്നു.

എന്റെ കവിതയാകട്ടെ
ഞാൻ പറഞ്ഞുവിട്ട കാര്യം
അതേപടി പറയാതെ
വായിക്കുന്നവരോട് സംസാരിക്കുന്നു.
അവരുടെ സംസാരത്തിൽ കവിയായ
ഞാൻ പുറത്താക്കപ്പെടുന്നു.
ഒളിഞ്ഞുകേൾക്കാനുള്ള ഇടം പോലും
നിഷേധിക്കപ്പെടുന്നു.

കവിത മനസ്സിലാകാത്തവർ മാത്രം
എനിക്കൊരിടം നൽകുന്നു; എന്താണ്
ആ കവിത പറയുന്നതെന്ന ചോദ്യവുമായി
അവരെന്റ അടുത്തുവരുന്നു, ഞാനങ്ങനെ
സ്വന്തം കവിതയുടെ പരിഭാഷകനാകുന്നു.

മകൻ ചിത്രം വരയ്ക്കുന്നു; ഇതെന്താണ്
ഇതെന്താണെന്ന ചോദ്യങ്ങളുമായി
ഞാൻ അവൻ്റെ പുറകെക്കൂടുന്നു,
വീട്, സൂര്യൻ, പുഴ എന്നിങ്ങനെ
അവൻ്റെ ചിത്രത്തിലെ ഓരോന്നും
അവൻ്റെ വാക്കിലൂടെ ഞാൻ
തെളിയിച്ചെടുക്കുന്നു.

ഒരുനാൾ, എല്ലാവർക്കും
മനസ്സിലാക്കാവുന്ന ചിത്രങ്ങൾ
അവൻ വരച്ചു തുടങ്ങും,
അവൻ്റേത് ചുറ്റുമുള്ളവർക്കെല്ലാം
മനസ്സിലാകുന്ന ഭാഷയാകും,

അന്നവനിൽ നിന്നും അവൻ്റെ ചിത്രങ്ങൾ
വിടുതൽ നേടും, അവൻ്റെ ഭാഷ
എന്നിൽ നിന്നെന്നപോലെ.

അപ്പോഴും ഒരേ ഭാഷയ്ക്കുള്ളിൽ
പലരോടും പലതരത്തിൽ പലതും പറഞ്ഞ്
എന്റെ കവിത എന്റേതല്ലാതാകും,
പലതാകും, പലരുടേതുമാകും
അവൻ്റേതുമാകും.
ട്രൂകോപ്പി തിങ്ക് വെബ്സൈനിൽ ആദ്യം പ്രസിദ്ധീകരിച്ചു
?

?

?'ചിഹ്നങ്ങൾ' എന്ന കവിത എഴുതിയ ടി. പി. വിനോദിന്

എനിക്കറിയാത്ത ഭാഷയിലെ കവിതയിൽ
ഒരു ചോദ്യചിഹ്നത്തെ ഞാൻ കണ്ടുമുട്ടി.
എൻ്റെ അറിയായ്മയുടെ വക്കിൽ
അതൊരു കൊളുത്തായി തൂങ്ങി.

അതിപ്പോൾ എനിക്കറിയാത്ത ഭാഷയിൽ
എനിക്കറിയാനായ ഏകാക്ഷരപദം,
ആ കവിതയ്ക്ക് ഞാനുണ്ടാക്കും
വ്യാഖ്യാനമെല്ലാം അതിലൊതുങ്ങി:

അത് തലകുനിക്കേണ്ടിവന്ന ആശ്ച​ര്യചിഹ്നമായി.

പൂജ്യമാകാൻ കൊതിച്ചുനീങ്ങി താഴേക്ക്
പതിക്കുന്ന ഒരു തുള്ളി മഷിയായി.

തമോഗർത്തത്തിലേക്കുള്ള പാതയായി.

തൻ്റേതെന്നുറപ്പില്ലാത്ത മുട്ടയ്ക്ക്
കാവൽ കിടക്കുന്ന ഇഴജന്തുവായി.

അറുത്തുവീഴ്ത്തപ്പെട്ട സ്വന്തം തലമേൽ
നട്ടെല്ലുവളച്ചുനിൽക്കുന്ന ഒരാളെപ്പോലും
എനിക്കതിൽ കാണാനായി.

അത് കൊയ്ത്തരിവാളായി.

പൂർണവിരാമവും അതിലേക്ക്
ആകൃഷ്ടയായി പോകുന്ന അല്പവിരാമവും
ചേർന്നാകുമോ അതുണ്ടായത്?

അറിവിൻ്റെ വൃക്ഷത്തിൽ
തൂങ്ങിക്കിടക്കുന്ന പാമ്പായി
അതെനിക്കുനേരെ നോക്കി.

മാധ്യമം ആഴ്ചപ്പതിപ്പ് ആദ്യം പ്രസിദ്ധീകരിച്ചു
വാക്കേത്?

വാക്കേത്?

വാക്കേത്? ജനലരികിൽ
ചായക്കോപ്പയുമായിരുന്ന്
ഞാനതിന്റെ രുചിയറിയുന്നു.

കേൾക്കുന്നു
ഒരിലയുടെ ശബ്ദം:
    ഒരൊറ്റ വാക്ക്
    ആവർത്തിച്ചാവർത്തിച്ച്.

നോക്കുമ്പോൾ
മറ്റിലകൾ തലയാട്ടുന്നു
അതേവാക്ക് ഏറ്റുപറയുന്നു.

പൊടുന്നനെ
മരച്ചില്ലയിളകുന്നു
കാറ്റില്ലാതെ തന്നെ.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
വാക്കുകൾ

വാക്കുകൾ

വാക്കുകൾ ദേശാടനക്കിളികൾ
വന്നതെവിടെനിന്നോ അവിടേക്ക്
തിരികെ പോകുന്നു, ഇപ്പോൾ
എന്റെ ഭാഷയിലെ വാക്കുകളും.

പലതരം കിളിത്തൂവലുകൾ
പെറുക്കിക്കൂട്ടി ചിറകുണ്ടാക്കിയിരുന്ന
കുട്ടിയായിരുന്നു ഞാൻ.

കണ്ടുകിട്ടുന്ന വാക്കുകൾ കൂട്ടിത്തുന്നി
ഞാനെന്നെ ആവിഷ്ക്കരിക്കുകയാണ്,
അതിന്റെ ഇഴകൾക്കിടയിലെ
വിടവിലൂടെ നോക്കുമ്പോൾ—

നിങ്ങൾ
ഭാഷയെത്താത്തൊരു
കുഞ്ഞിനെ കാണുന്നു*
*പി. രാമന്റെ 'ഭാഷയും കുഞ്ഞും' ഓർമ്മയിൽ

'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
മൗനം

മൗനം

മൗനം വാക്കുകൾ
ഉച്ചരിക്കുംമുമ്പ് മൗനം;
അതിനുശേഷവും.

ചെണ്ട, ഒഴിഞ്ഞ ചായക്കപ്പ്—
അകം പൊള്ളയായവയിലെല്ലാം
മൗനം നിറഞ്ഞുനിൽക്കുന്നു.

അനവസരത്തിൽ പാലിച്ച മൗനം,
പറഞ്ഞുപോയ വാക്ക്
രണ്ടും തിരിച്ചെടുക്കാനാകുന്നില്ല.

ഒരൊറ്റ പ്രഹരമേറ്റാൽ മതി
അകം പൊള്ളയായതെന്തിൽ നിന്നും
മൗനം കനത്ത ഒച്ചയായുണരാൻ.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.