Showing posts with label അഭയാർത്ഥിത്വം. Show all posts
Showing posts with label അഭയാർത്ഥിത്വം. Show all posts
അ—ഭയം

അ—ഭയം

അഭയാർത്ഥികൾ കവിതഅഭയം തേടും നമ്മുടെ
കാലടികളാൽ പണിയപ്പെടുന്നു
അവിടേക്കുള്ള പാത.

പേനയൊരു സൂചിയാകുന്നു,
വേദപുസ്തകത്തിൽ തുന്നപ്പെട്ട
വാക്കുകൾ പറയുന്നു.

ഞങ്ങൾ മുട്ടിപ്പായിരിക്കയാണ്,
പ്രാർത്ഥനാമുറിയിലെ ഒഴിഞ്ഞ
ബെഞ്ചുകൾ പറയുന്നു.

വെളിച്ചത്താൽ ഉരിയപ്പെട്ട നിങ്ങളുടെ
ഉടുവസ്ത്രമാണെന്നും പറഞ്ഞ്
നിഴൽ നമ്മുടെ കാൽക്കീഴിൽ വീഴുന്നു.

നോക്കിനിൽക്കെ കണ്ണാടി
നിശ്ചലതടാകമാകുന്നു, നമ്മുടെ
ഉടലിന്റെ ജഡം അതിൽ പൊന്തുന്നു.

ഭയത്തിന്റെ മാറ്റൊലിയ്ക്ക്
കാതോർത്ത് നമ്മൾ
അഭയം തേടിയലയുന്നു.

ഓരോ മരത്തലപ്പും തുരുത്താകും
ഓരോ ഇലയും തോണിയാകും
നമുക്കായിട്ടല്ലെന്നു മാത്രം.
ദേശാഭിമാനി വാരികയിൽ ആദ്യം പ്രസിദ്ധീകരിച്ചു
പേരിടൽ

പേരിടൽ

പേരിടൽഅടയ്ക്കാൻ വിട്ടുപോകും
വാതിൽ വിടവിലൂടെ
വീട്ടിൽ കയറിവന്നിരുന്ന
പൂച്ചയായിരുന്നു,
പേരിട്ടുവിളിച്ച് ആ വീട്ടുടമസ്ഥ
അതിനെ സ്വന്തമാക്കുന്നതുവരെ.
ഇപ്പോൾ പതിവായി പാലും മീനും
കിടക്കാൻ മെത്തയും സ്വന്തം.

കൂട്ടിൽ അടയ്ക്കപ്പെട്ട്
പേരിട്ടുവിളിക്കപ്പെടുന്നതിനു മുമ്പ്
മുറിവേറ്റ ചിറകുമായി വഴിയരികിൽ
കണ്ടെത്തിയ തത്തയായിരുന്നു.
അതിനുമുമ്പ് തൊടിയിലെ
വന്മരത്തിൽ വന്നിരിക്കുമായിരുന്ന
അനേകം കിളികളിൽ ഒരു കിളി.

വിശന്നുവലഞ്ഞൊരുനാൾ
അയാൾക്ക് പിന്നാലെ
ആ വീടിൻ പടിക്കൽ
വന്നെത്തുന്നതിനുമുമ്പ് തെരുവിൽ
അലഞ്ഞുനടന്നൊരു നായയായിരുന്നു.
ഇപ്പോൾ, അയാളിട്ട പേരിൽ
വിളിക്കപ്പെടുമ്പോൾ
ഉണ്ട ചോറിന്റെ നന്ദിയുമായി
വാലാട്ടിക്കഴിയുന്നു.

പേര് വെറും ശബ്ദമെന്ന് ഞാൻ കരുതി;
അല്ല, വിളിക്കപ്പെടുമ്പോൾ
അതിൽ വെളിപ്പെടുന്നു, ഊരും വിധിയും.

ഒരു പേരിൽ ഒതുങ്ങുമ്പോഴും
നിങ്ങൾക്ക്
മകനും
ഭർത്താവും
അച്ഛനും
മുത്തച്ഛനുമായി
മാറേണ്ടതുണ്ട്.

വക്കുപൊട്ടിയ കുടം പൂച്ചട്ടിയായി,
കേടായ ക്ലോക്ക് കുടുംബഫോട്ടോയുടെ
ചട്ടക്കൂടായി, ഫ്രിഡ്ജ് അക്വേറിയമായി,
അമ്മയുടെ പഴയ സാരി മകൾക്കു പാവാടയായി
പിന്നെയും പഴകി കൈക്കലത്തുണിയായി.

കവിതയെന്ന് വിളിക്കപ്പെടും മുമ്പ്
ഈ വരികളെന്തായിരുന്നു എന്നതല്ല,
ഈ വരികളെ ഇവ്വിധമാക്കി
എന്നതിലാണ് എന്റെ ഉടമസ്ഥത.
ദേശാഭിമാനി വാരികയിൽ ആദ്യം പ്രസിദ്ധീകരിച്ചു
മഴക്കാലരാത്രി

മഴക്കാലരാത്രി

മഴക്കാലരാത്രി കുന്നുകൾക്കിടയിൽ രാത്രി
കരിമ്പൂച്ചയായി ചുരുണ്ടുകൂടി.

ശ്മശാനത്തിൽ കല്ലറകൾ പോലെ
കുന്നിൻ ചെരുവിൽ വീടുകൾ

അവയെ മഴ അഴിയിട്ടകറ്റി.
ഇരുട്ടു പുതച്ചുറങ്ങി ആളുകൾ.

മഴവെള്ളമൊഴുകിയ വഴിയെ
ഒഴുക്കിനെതിരെ നീന്തി പുഴമീൻ.

മഴയൊഴിഞ്ഞു. തളംകെട്ടിക്കിടക്കും
വെള്ളത്തിൽ മീൻ കിടന്നു പിടയുന്നു.
മാധ്യമം ആഴ്ചപ്പതിപ്പ് ആദ്യം പ്രസിദ്ധീകരിച്ചു. 'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
അകത്തോ പുറത്തോ

അകത്തോ പുറത്തോ

അകത്തോ പുറത്തോ ഓരോ വാതിലും പൂട്ടുമ്പോൾ
രണ്ട് തടവറകളുണ്ടാകുന്നു.

ഓരോ ജനലും തുറക്കുമ്പോൾ
രണ്ട് കാഴ്ചകൾ വെളിപ്പെടുന്നു.

മതിലിനിരുപുറത്തു നിന്ന് അവർ
പറയുന്നു: ഞങ്ങളാണ് അകത്ത്

'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.
നിഴലുകൾ

നിഴലുകൾ

നിഴലുകൾ അസ്തമയസൂര്യനുനേരെ
ഒരുകൂട്ടമാളുകൾ
നിഴലും വലിച്ചു നടന്നുനീങ്ങി,

അവർക്കു പുറകെപോയ
പകലിന്റെ നിഴലിൽ
ഈ നാടിപ്പോൾ,

നാലുപാടുനിന്നും വെട്ടം വിതറും
രാത്തെരുവിൻ നടുവിൽ ഞാൻ നിന്നു;
വെളിച്ചത്താൽ നേർത്ത എന്റെ നിഴൽ
നാലു ദിക്കിലേക്കും വീണു.

തെരുവുതിരക്കിൽ നിന്നകന്ന്,
വഴിവിളക്കിൻ കീഴെ
തന്റെതന്നെ നിഴൽ വിരിച്ചതിന്മേൽ
കിടന്നുറങ്ങുന്നുണ്ടൊരാൾ.

ഉറക്കം വിട്ടയാൾ ഉണരുംനേരം,
ഇരുട്ടു തൂത്തുവാരിയെത്തും
വെയിലിനെ പേടിച്ച്,
ഇക്കാണുന്നവയെയെല്ലാം
മറയാക്കിയൊളിക്കും നിഴലുകൾ.
'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത.